തീവണ്ടി Review : | Movie Rating : 3.5/5


ടൊവിനോ തോമസ് എന്ന നടന്റെ നാളിതുവരെയുള്ള മികച്ച പ്രകടനംകൂടിയാണ് തീവണ്ടി. തീപ്പൊരി ചിതറുന്ന കഥയില്‍ തീപ്പന്തമായി ടൊവിനോ ഉയര്‍ന്നുനില്‍ക്കുന്നു.

ഭാര്യ പ്രസവവേദനകൊണ്ട് പുളയുമ്പോള്‍ മഴപെയ്യുന്ന രാത്രിയില്‍ വീടിന്റെ ഇറയത്ത് ഉലാത്തുന്ന ഭര്‍ത്താവിന്റെ കാഴ്ച മലയാളസിനിമയിലെ ഏറ്റവും ക്ലീഷേ തുടക്കങ്ങളിലൊന്നാണ്. ഇറ്റാലിയന്‍ മാസ്റ്റര്‍ സംവിധായകന്‍ ഫെഡറിക്കോ ഫെല്ലിനിയുടെ അതേ പേരുള്ള ടി.പി. ഫെല്ലിനി എന്ന നവാഗതന്റെ ആദ്യസിനിമ തീവണ്ടിയുടെ തുടക്കം അതേ ക്ലീഷേയോടെയാണ്.

എന്നാല്‍, കഥയിലേക്ക് കയറുന്നതോടെ ക്ലീഷേകാഴ്ചകള്‍ അവസാനിപ്പിച്ച് തീവണ്ടി പുതുമയുടെ തീപ്പൊരി ചിതറി കുതിക്കുന്നു.  പുതുമയുടെ തീയും പ്രതിഭയുടെ തീപ്പൊരിയുമുള്ള സിനിമയാണ് തീവണ്ടി. ക്രോണിക് സ്മോക്കിങ് പശ്ചാത്തലമാക്കി ഒരു മുഴുനീള എന്റര്‍ടെയ്നറും നിലവാരമുള്ളതുമായ ഒരു സിനിമയൊരുക്കാന്‍ ഫെല്ലിനിക്കും സംഘത്തിനുമായിട്ടുണ്ട്. ടൊവിനോ തോമസ് എന്ന നടന്റെ നാളിതുവരെയുള്ള മികച്ച പ്രകടനംകൂടിയാണ് തീവണ്ടി. തീപ്പൊരി ചിതറുന്ന കഥയില്‍ തീപ്പന്തമായി ടൊവിനോ ഉയര്‍ന്നുനില്‍ക്കുന്നു. 

പലകുറി റിലീസ് മാറ്റിവെച്ചാണ് തീവണ്ടി തിയേറ്ററുകളിലെത്തിയത്. ഗൗരവമുള്ള വിഷയങ്ങളെ എങ്ങനെ രസകരമായി പറയാം എന്നതിന്റെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് തീവണ്ടി. ഉപേക്ഷിക്കാനാവാത്തവിധം പുകവലിക്കടിമയായ ബിനീഷ് (ടൊവിനോ തോമസ്) എന്ന ചെറുപ്പക്കാരന് പുകവലികൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ശ്വാസകോശം സ്പോഞ്ചുപോലാകുമെന്ന സാരോപദേശംപോലെ മുഷിപ്പിക്കാനോ സിഗരറ്റ് കവറിന്റെ പുറത്തെ അറപ്പുളവാക്കുന്ന പരസ്യംപോലെ അസഹ്യമാകാനോ സാധ്യതയുള്ള ഒരു വിഷയം പൊളിറ്റിക്കല്‍-സോഷ്യല്‍ സറ്റയറാക്കി അവതരിപ്പിക്കുന്നതില്‍ തിരക്കഥാകൃത്ത് വിനി വിശ്വലാലും ഫെല്ലിനിയും വിജയിച്ചിരിക്കുന്നു. കഥാപാത്രങ്ങളും കഥാപരിസരങ്ങളും പരിചിതമാണ്. പ്രണയവും രാഷ്ട്രീയവും ചെറുപ്പക്കാരുടെ സാമൂഹികജീവിതമൊക്കെ ചേര്‍ന്ന് ഒരു നാട്ടിന്‍പുറത്തെ ജീവിതമാണ് സിനിമ പറയുന്നത്. 

പൊളിറ്റിക്കല്‍ ആക്ഷേപഹാസ്യമെന്ന് വിശേഷിപ്പിക്കാവുന്ന ട്രാക്ക് മാത്രമാണ് അപവാദം. സിയെറ ലിയോണിലെ വിമാനത്താവളമാലിന്യത്തിനെതിരേയുള്ള മനുഷ്യച്ചങ്ങലയെന്നൊക്കെ പറഞ്ഞ് ആ ട്രാക്ക് കാടുകയറുമ്പോള്‍ സിനിമ പിടിവിടുമോന്ന് ഒരുഘട്ടത്തില്‍ തോന്നിയെങ്കിലും ബിനീഷിന്റെ പുകവലിയെ അതുമായി സമര്‍ഥമായി കണക്ട്‌ചെയ്യാന്‍ തിരക്കഥയ്ക്ക് കഴിയുന്നുണ്ട്. സിനിമയിലെ പ്രണയത്തിന്റെ ട്രാക്കും വളരെ മികവോടെ കൈകാര്യംചെയ്തിട്ടുണ്ട്. പുതിയ നായിക സംയുക്താമേനോനാണ് നായിക ദേവിയെ അവതരിപ്പിക്കുന്നത്.

അടുത്തിടെ ഒരു പുതുമുഖം കാഴ്ചവെച്ച ഏറ്റവും മികച്ച തുടക്കമാണിത്. സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി, സുധീഷ്, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, നീനാ കുറുപ്പ് തുടങ്ങി വളരെ മികച്ച സപ്പോര്‍ട്ടിങ് കാസ്റ്റും സിനിമയ്ക്കുണ്ട്.    മായാനദിക്കും മറഡോണയ്ക്കും ശേഷം വീണ്ടും 'നായകഗുണ'ങ്ങളില്ലാത്ത നായകനായാണ് ടൊവിനോ എത്തുന്നത്.

തീവ്രമായ മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചെയിന്‍ സ്മോക്കറെ അല്പംപോലും അമിതമാകാതെ ടൊവിനോ ഗംഭീരമാക്കിയിട്ടുണ്ട്. തോല്‍വിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന നിരവധി കഥാപാത്രങ്ങളെ ടൊവിനോ ഇതിനു മുന്‍പും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് തീവണ്ടിയിലെ ബിനീഷ്.
Share:

No comments:

Post a Comment

Followers

AMAZON OFFERS